Kerala
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ്. പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് തീയിട്ടത്.
വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വനംവകുപ്പ് നടപടി. ഞായറാഴ്ച പുലർച്ചെയാണ് ആൽജോ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണകാരണം ശംഖുവരയന്റെ കടിയേറ്റതാണെന്ന് വ്യക്തമാക്കുന്നു.
ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അനോജ് നിലവിൽ വെന്റിലേറ്ററിലാണ്. നിർദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് അബോധാവസ്ഥയിലായിരുന്ന സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്.
Kerala
കൽപറ്റ: വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിയ കാട്ടാന മുട്ടിക്കൊമ്പനെ 13 ദിവസത്തെ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്.
ഇന്നു പുലർച്ചെ ആരംഭിച്ച ദൗത്യത്തിനിടെ താത്തൂർ സെക്ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും.
ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ എൺപത് അംഗ വനംവകുപ്പ് സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. കൂടാതെ, മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും പ്രദേശത്ത് നിയോഗിച്ചിരുന്നു.
മാർച്ച് നാലിന് ബത്തേരി വടക്കനാടിൽ ഈ കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.
Kerala
തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ കീഴടങ്ങിയ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി റിമാൻഡിൽ. ഏപ്രിൽ നാല് വരെയാണ് റിമാൻഡ് കാലാവധി.
കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെള്ളനാട് ശശി ചൊവ്വാഴ്ച വൈകിട്ട് 3:30 ഓടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങിയിരുന്നു. പിന്നാലെ മൊഴി രേഖപ്പെടുത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കോതമംഗലം: സംസ്ഥാനത്ത് 2021 മുതൽ 2025 വരെ കാട്ടുതീ നശിപ്പിച്ചത് 6,900 ഏക്കർ (2758 ഹെക്ടർ) വനഭൂമി. വനംവകുപ്പ് വനസംരക്ഷണത്തിനായി പ്രത്യേക പാക്കേജുകൾ നടപ്പാക്കുകയും അതിനായി മാത്രം ആയിരക്കണക്കിന് ഫയർ വാച്ചർമാരെ നിയമിക്കുകയും ചെയ്തിട്ടും കാട്ടുതീ തടയാനാകുന്നില്ലെന്ന് വനംവകുപ്പിൽനിന്നു ലഭിച്ച വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.
2021ൽ കത്തിനശിച്ചത് 448 ഹെക്ടർ വനഭൂമിയാണ്. 2022 ൽ 308, 2023 ൽ 901, 2024 ൽ 568, 2025 ൽ 533 ഹെക്ടർ വനഭൂമിയും കത്തിനശിച്ചു. കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്റഫിന് വനംവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് .
കാട്ടുതീ കയറാൻ സാധ്യതയുള്ള പ്രദേശങ്ങളെ 1,129 ബ്ലോക്കുകളായി തിരിച്ച് പ്രത്യേകം തയാറാക്കിയ മാനേജ്മെന്റ് പ്ലാനുകൾ ഡിവിഷൻ തലത്തിൽ ക്രോഡീകരിച്ചു സർക്കിൾതലത്തിൽ പരിശോധിച്ചാണ് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനംവകുപ്പ് നടത്തുന്നത്.
വനംവകുപ്പിൽ 7,000ന് മുകളിൽ സ്ഥിരം ജീവനക്കാരും നാലായിരത്തോളം താത്കാലിക ജീവനക്കാരും ഉൾപ്പെടെ 1,1000ന് മുകളിലാണ് ജീവനക്കാർ.
എന്നിട്ടും കാര്യക്ഷമമായി ഇടപെടാൻ ഇവർക്കു കഴിയുന്നില്ലെന്ന് പരിസ്ഥിതി സംഘടനകൾക്കു നേരത്തേമുതൽ ആക്ഷേപമുണ്ട്.
Kerala
കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.
റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.
പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Kerala
ചങ്ങനാശേരി: വനം ഏഴയലത്തു പോലും ഇല്ലാത്ത ചങ്ങനാശേരിയിൽ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്ന മ്ലാവ് നാട്ടുകാർക്കു കൗതുകമാകുന്നു.
രാത്രിയിലാണ് പലപ്പോഴും മ്ലാവിന്റെ മിന്നിമറയൽ. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളില്‍ രാത്രി വെളിച്ചത്തിലാണ് യാത്രക്കാര്‍ മ്ലാവിനെ കാണുന്നത്. കഴിഞ്ഞയാഴ്ചയില്‍ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവ് സങ്കേതം റോഡിലേക്ക് ഓടിമറയുന്നതു സ്കൂട്ടര്‍ യാത്രികര്‍ മൊബൈലില്‍ വീഡിയോ എടുത്തിരുന്നു.
കഴിഞ്ഞ രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച പാറേല്പ്പള്ളിക്കു സമീപമുള്ള കളരിക്കല്‍ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇതു മൊബൈല്‍ ഫോണിലെ വീഡിയോയില്‍ ചിത്രീകരിച്ചു.
സ്കൂട്ടറിന്റെ ലൈറ്റിന്റെ വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളോഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതായി വീഡിയോയില്‍ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായി ജോജോ ദീപികയോടു പറഞ്ഞു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
Kerala
കൊച്ചി: മൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ മരപ്പട്ടി ശല്യം. മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് മുറിയിലാണ് സീലിംഗ് തകര്‍ത്തു രണ്ടു മരപ്പട്ടികള്‍ എത്തിയത്. മുന്‍സിപ്പല്‍ സെക്രട്ടറി മീറ്റിംഗിനായി പോയപ്പോഴായിരുന്നു മരപ്പട്ടികള്‍ എത്തിയത്. മുറിക്ക് അകത്തുനിന്ന് അസാധാരണമായി ശബ്ദം കേട്ടപ്പോള്‍ ജീവനക്കാര്‍ തുറന്നു നോക്കുകയായിരുന്നു.
ഓഫീസ് മുറിയില്‍ കയറിയ മരപ്പട്ടികള്‍ കസേരയിലും മേശയിലുമായി സ്വതന്ത്ര വിഹാരം നടത്തുകയായിരുന്നു. ഇതു നഗരസഭ ജീവനക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മരപ്പട്ടികളെ പിടികൂടി ചാക്കിലാക്കി കൊണ്ടുപോയത്. മരപ്പട്ടികളില്‍ ഒന്നു ഗര്‍ഭിണിയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Kerala
കോട്ടയം: നാട്ടിലും നഗരത്തിലും വരെ കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷമായിരിക്കെ വെടിവച്ചുകൊല്ലാനുള്ള തോക്കിനും വനംവകുപ്പിന്റെ പാര.
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി ഇനി വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കും തോക്ക് ലൈസന്‍സുള്ളവര്‍ക്കു മാത്രമേയുള്ളൂ. കായികാവശ്യത്തിനുള്ള ലൈസന്‍സ് തോക്കുകൊണ്ട് പന്നികളെ വെടിവയ്ക്കുന്നതിന് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാറും വൈല്‍ഡ് ലൈഫ് വാര്ഡന്മാരും കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കും മുന്‍പു ജില്ലാ ലൈസന്‍സിംഗ് അഥോറിറ്റിയില്നിന്നു തോക്ക് ലൈസന്‍സിന്റെ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് പുതിയ ഉത്തരവ്. ചുരുക്കത്തില്‍ കാട്ടുപന്നിക്കൂട്ടം കൃഷിയിടം ഉഴുതുമറിച്ചുപോയാലും കൃഷിയിടം താവളമാക്കിയാലും വെടിവയ്പ്പ് നടക്കില്ല.
കാട്ടുപന്നികളെ വെടിവയ്ക്കാന്‍ മുന്നോട്ടുവരുന്നവരിൽ പല രും റൈഫിള്‍ ക്ലബ് അംഗങ്ങളാണ്. നിയമപ്രകാരം കായികാവശ്യത്തിന് അനുവദിക്കുന്ന തോക്കുകള്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
എന്നാല്‍ പന്നികളുടെ എണ്ണം പെരുകി ശല്യം രൂക്ഷമായതോടെ കായിക തോക്കുകള്‍ കൊണ്ടും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പേരില്‍ എടുക്കുന്ന തോക്കുകള്‍ ഉപയോഗിച്ചും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തരം ലൈസന്‍സുകള്‍ സ്ഥാപനങ്ങളുടെ പേരിലാണ് അനുവദിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യഭൂമിയിലെ ചന്ദനമരം മുറിച്ച് വനംവകുപ്പ് മുഖേനെ വില്പന നടത്താൻ അനുവാദം നൽകുന്ന 2025 കേരളാ വന (ഭേദഗതി) ബിൽ നിയമമായി.
പുതിയ നിയമം ഈ മാസം ഒൻപതിന് നിലവിൽ വന്നു. നിയമം നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
സ്വകാര്യ ഭൂമിയിൽ നിന്നും വനംവകുപ്പ് മുഖേന മുറിച്ച് വിൽപന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത് ചന്ദന കൃഷി നടത്തി കർഷകർക്ക് വലിയ സാന്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അവസരം വന്നതായും ചന്ദന മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിംഗ് പദ്ധതി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്പന നടത്താൻ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമയ്ക്കെതിരേ കേസ് എടുക്കുന്ന സ്ഥിതിയായിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങൾ ഉൾപ്പെടെയുള്ളവ വെട്ടിമാറ്റുന്നതിന് ഒരു സമിതി പരിശോധിച്ച് ശിപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നായിരുന്നു മുൻവ്യവസ്ഥ.
Kerala
ഇടുക്കി: പടയപ്പ ഉൾപ്പടെയുള്ള കൊമ്പൻമാർ മദപ്പാടിലായതിനാൽ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കരുതെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്.
ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ തകർക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു.
Kerala
ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന. ഇരിട്ടി ടൗണിനോട് ചേർന്ന് ജബ്ബാർക്കടവ് പാർക്കിന് സമീപമാണ് കാട്ടുകൊമ്പൻ എത്തിയത്.
ഇന്ന് പുലർച്ചെയാണ് ജബ്ബാർ കടവ് പാർക്കിന് സമീപം പഴശി റിസർവോയറിലെ വെള്ളത്തിൽ കുളിക്കുന്ന നിലയിൽ കൊമ്പനെ പ്രദേശവാസികൾ കാണുന്നത്. പിന്നാലെ കൊമ്പനെ തുരത്തുന്നതിനുള്ള നടപടികൾ വനംവകുപ്പ് അധികൃതർ ആരംഭിച്ചു.
പായം പഞ്ചായത്തിന്റെ പരിധിയിൽ നിന്നും ആനയെ ആറളം പഞ്ചായത്തിലൂടെ തുരത്തി ഫാമിൽ എത്തിക്കാനാണ് അധികൃതർ ശ്രമിച്ചത്. കൂടുതൽ പ്രതിരോധം സൃഷ്ടിക്കാതെ രാവിലെ ഒമ്പതോടെ തന്നെ കൊമ്പനെ തുരത്തി ആറളം ഫാമിൽ എത്തിച്ചു. വനം വകുപ്പും ആർആർടിയും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു
പായം , ആറളം , മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ഭീതി സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ് . ആറളം ഫാമിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകളാണ് ഇത്തരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .
ഫാമിൽ തമ്പടിച്ചിരുന്ന ആനകളെ കാട്ടിലേക്ക് തുരത്തണം എന്ന ആവശ്യം ശക്തമാണെങ്കിലും ഓപ്പറേഷൻ ഗജമുക്തി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ് . പുഴയിലൂടെയാണ് ആനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .
ഫാമിൽ നിന്നും ആനകളെ തുരത്തിയില്ലെങ്കിൽ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം ഉൾപ്പെടെയുള്ള ഭീഷണികൾ തുടർന്നുകൊണ്ടേയിരിക്കും.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍നിന്ന് അനധികൃതമായി മുറിച്ചതിനത്തുടര്‍ന്നു പിടിച്ചെടുത്ത ഈട്ടിത്തടികള്‍ വനംവകുപ്പ് കണ്ടുകെട്ടിയതിനെതിരായ അപ്പീലുകള്‍ കോടതി തള്ളി. നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട വനം, പോലീസ് കേസുകളിലെ പ്രതികളിലൊരാളായ സൂര്യ ടിമ്പര്‍ ഉടമ റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച അപ്പീലുകളാണ് അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുല തള്ളിയത്.
വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന മരങ്ങള്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടുന്നതിന് ഇതോടെ സാധ്യത തെളിഞ്ഞു. ഡിപ്പോയിലുള്ള തടികള്‍ ലേലം ചെയ്യുന്നതിന് അനുമതി തേടി ഡിഎഫ്ഒ കോടതിയെ നേരത്തേ സമീപിച്ചിരുന്നു.
സൂര്യ ടിമ്പര്‍ ഉടമ റോജി അഗസ്റ്റിന് സ്വകാര്യ വ്യക്തികളില്‍നിന്നു വാങ്ങിയ ഈട്ടിത്തടികള്‍ കണ്ടുകെട്ടി സൗത്ത് വയനാട് ഡിഎഫ്ഒ 2022 ഒക്ടോബര്‍ 27ന് എ2/1967/21 നമ്പറായി ഉത്തരവായിരുന്നു. ഇതിനെതിരേയായിരുന്നു അപ്പീലുകളെന്ന് ജില്ല ഗവ.പ്ലീഡര്‍ ഇന്‍ ചാര്‍ജും പബ്ലിക് പ്രോസിക്യൂട്ടറുമായ അഭിലാഷ് ജോസഫ് പറഞ്ഞു.
കണ്ടുകെട്ടൽ
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരേ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട റോജി അഗസ്റ്റിനും മറ്റും ജില്ലാ കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചിരുന്നു.
ഡിപ്പോയില്‍ സൂക്ഷിച്ച തടികള്‍ കേസിലെ കക്ഷികള്‍ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് മരംമുറി കേസ് തീര്‍പ്പാകുന്നതുവരെയാണ് കണ്ടുകെട്ടല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്.
വിലയ്ക്കു വാങ്ങിയെന്ന്
പിടിച്ചെടുത്ത് ഡിപ്പോയിലേക്കു മാറ്റിയ തടികള്‍ മരക്കച്ചവടക്കാരയ തങ്ങള്‍ കര്‍ഷകരില്‍നിന്നു വിലയ്ക്കു വാങ്ങിയതാണെന്നും ലൈസന്‍സും രജിസ്ട്രേഷന് മാര്‍ക്കും വനംവകുപ്പില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും അപ്പീല്‍ കക്ഷികള്‍ വാദിച്ചിരുന്നു. അപ്പീലിനെ എതിര്‍ത്തെങ്കിലും കസ്റ്റഡിയിലുള്ള തടികള്‍ കക്ഷികള്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നു ഡിഎഫ്ഒ കോടതിയില്‍ സമ്മതിച്ചിരുന്നു.
കേസ് തീര്‍പ്പാകുന്നതുവരെ തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ്തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നു കോടതി വനം വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, തടികളുടെ സംരക്ഷണത്തിനു വനം വകുപ്പ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
സർക്കാർ ഉത്തരവ്
റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു.
ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. 1964-ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യു പട്ടയ ഭൂമികള്‍.
മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ ഈട്ടി മുറിയുമായി ബന്ധപ്പെട്ട പോലീസ് കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിനാണ് ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യത്ത് ആദ്യമായി തടികളുടെ ഡിഎന്‍എ പരിശോധനാഫലവും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം നടന്നിട്ടില്ലെന്ന് മുന്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു പറഞ്ഞു.
Kerala
പാലക്കാട്: മംഗലം ഡാം ഓടംതോട് വീണ്ടും കടുവ ഇറങ്ങിയതായി ടാപ്പിംഗ് തൊഴിലാളി. ഇന്ന് പുലർച്ചെ നാലരയോടെ റബർ ടാപ്പിങ്ങിന് പോകും വഴി ടാപ്പിംഗ് തൊഴിലാളിയായ ധർമജൻ ആണ് കടുവയെ കണ്ടത്.
നന്നങ്ങാടി വേലം കുന്നിലേയ്ക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് ധര്മജൻ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം പ്രദേശത്ത് യുവാവ് കടുവയുടെ അലര്‍ച്ച കേട്ടതായും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു.
Kerala
പാലക്കാട്: മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്.
പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുൻപും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയുടെ ദ്യശ്യങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരുന്നില്ല.
District News
ഇരിട്ടി: വേനൽ ആരംഭിച്ചതോടെ വനത്തിനുള്ളിലെ നീരൊഴുക്ക് കുറയുന്ന ജലസ്രോതസുകളിൽ ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചു.
ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനംവകുപ്പ് ജീവനക്കാരാണ് കുടിവെള്ളം ലഭ്യമാക്കുന്നതിന് ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ചത്.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ. കാടുകളിൽ സ്വാഭാവികമായി ലഭിക്കുന്ന ഉണങ്ങിയ തടികൾ ചുള്ളിക്കമ്പുകൾ കരിയില മണ്ണ് തുടങ്ങിയ ഉപയോഗിച്ചാണ് ബ്രഷ് വുഡ് ചെക്ക് ഡാം എന്ന താത്കാലിക തടയണുകൾ നിർമിക്കുന്നത്.
വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കാനുള്ള സ്ഥിരം കുളങ്ങൾക്കും ചെക്ക് ഡാമുകൾക്കും പുറമെയാണ് വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ഇത്തരം താത്കാലിക തടയണുകൾ നിർമിക്കുന്നത്. കുടിവെള്ളം ഉറപ്പാക്കുന്നതിനോടൊപ്പം വനത്തിനകത്ത് മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും താൽക്കാലിക തടയണുകൾ സഹായിക്കുന്നു. കാട്ടിനകത്ത് കുടിവെള്ളം ലഭ്യമാകാനുള്ള സാധ്യത കൂടുന്നതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ കുറക്കാൻ കഴിയും.
മഴക്കാലം ആരംഭിക്കുന്നതോടെ നീരൊഴുക്ക് വർധിക്കുകയും ഇവ തകർന്നു പോവുകയും സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുകയും ചെയ്യും
Kerala
കൽപ്പറ്റ: വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിലായി. മൂന്നര വയസ് കണക്കാക്കുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നു പുലർച്ചെ അകപ്പെട്ടത്. പുലിയെ കുപ്പാടി പച്ചാടി ഹോസ്പീസിലേക്കു മാറ്റി. വനസേന പുലിയെ നിരീക്ഷിച്ചു വരികയാണ്.
ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാൻ തയാറായത്. പലേടത്തും പുലിയും കടുവയുമൊക്കെ കൂട്ടിൽ വീഴുന്നുണ്ടെങ്കിലും ഇവയുടെ ശല്യം കുറയുന്നില്ല എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. വനസാമീപ്യമുള്ള പല മേഖലകളിലും വളർത്തു മൃഗങ്ങൾ മാത്രമല്ല മനുഷ്യർ പോലും വന്യമൃഗ ആക്രമണ ഭീഷണയിലാണ് കഴിയുന്നത്.
Kerala
ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിന്റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. ഇന്നു രാവിലെയായിരുന്നും സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനവുമായി മൂന്ന് പേർ പിടിയിൽ. കിളിമാനൂർ കുന്നുമ്മലിൽ നിന്നാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടിയത്.
ആറാം താനം ദർഭകട്ടക്കാലിൽ വീട്ടിൽ അനിലൻ (65), കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ കൽപക (46), പഴയകുന്നുമ്മേൽ വിളക്കാട്ടുകോണം വൃന്ദ ഭവനിൽ ഷാലിമ (48) എന്നിവരെയാണ് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ഭൂമിയിൽ നിന്ന ചന്ദനമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മുറിച്ച് വിൽപന നടത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയാണ് ചന്ദനം മുറിച്ചതെന്ന് വീട്ടുകാർ വനംവകുപ്പിന് മൊഴി നൽകിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ചന്ദനം മുറിച്ചുവിൽക്കാൻ ശ്രമിച്ചതെന്നും പിടിയിലായവർ വനം വകുപ്പിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ, നീലായി മേഖലകളിൽ വീണ്ടും പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല.
ചതിരൂർ, നീലായി എന്നിവിടങ്ങളിൽ ഓരോ കാമറകളായിരുന്നു വനംവകുപ്പ് സ്ഥാപിച്ചത്. പുലിയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് മേഖലകളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതോടെ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വനംവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പുലിയെ കൂട് സ്ഥാപിച്ച് പിടിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷമേ കൂട് സ്ഥാപിക്കാനാവൂ എന്നതിനാലായിരുന്നു കാമറകൾ സ്ഥാപിച്ചത്. വനാതിർത്തിയിലെ സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറിയ സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ പ്രദേശത്ത് വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് കീഴ്പ്പള്ളി സെക്ഷനിലെ ജീവനക്കാർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: എറണാകുളം കാക്കനാട് കരിമുകളിലെ മില്ലിൽനിന്ന് 2021 ജൂണിൽ പിടിച്ചെടുത്ത 54 കഷണം ഈട്ടിയുടെ ഉറവിടം വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ വനംവകുപ്പ്.
വയനാട് ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. ജോസഫ് മാത്യുവിനു വിവരാവകാശ നിയമപ്രകാരം സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തിൽനിന്ന് ഈയിടെ ലഭിച്ച മറുപടിയിലാണ് തടികൾ എവിടെനിന്നു മുറിച്ച മരങ്ങളുടേതാണെന്നു സ്ഥിരീകരിക്കാനായില്ലെന്നു വിശദമാക്കുന്നത്. വാഴവറ്റ സ്വദേശികളായ അഗസ്റ്റിൻ സഹോദരൻമാരെ ഈട്ടിമുറിയുമായി ബന്ധപ്പെട്ട വനം, പോലീസ് കേസുകളിൽ എന്തിന് 60 ദിവസം ജയിലിൽ കിടത്തിയെന്ന ചോദ്യവും ഇതിനിടെ ഉയരുകയാണ്.
മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യു പട്ടയഭൂമികളിൽ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ 2021 ഫെബ്രുവരി എട്ടിന് രജിസ്റ്റർ ചെയ്ത ഒആർ 1/2021 നന്പർ കേസിലാണ് വനംവകുപ്പ് 54 കഷണം ഈട്ടിയും ഇത് കടത്താനുപയോഗിച്ച കെഎൽ 19- 2765 നന്പർ ലോറിയും കസ്റ്റഡിയിലെടുത്തത്. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ നിർദേശപ്രകാരമായിരുന്നു റേഞ്ച് ഓഫീസറുടെ നടപടി.
മതിയായ രേഖകളില്ലാതെ 2021 ഫെബ്രുവരി മൂന്നിനു വാഴവറ്റയിൽനിന്നു കയറ്റി പിറ്റേന്ന് കാക്കനാട് കരിമുകളിൽ ഇറക്കിയ ഈട്ടിത്തടികളാണ് പിടിച്ചെടുത്തതെന്നാണ് വനം വകുപ്പ് അറിയിച്ചത്. വാഴവറ്റയിൽനിന്നുള്ള ലോഡിന്റെ പരിശോധന ചെക്പോസ്റ്റുകളിൽ നടന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡിയിലെടുത്ത ഈട്ടിത്തടികൾ വന നിയമം 61 എ പ്രകാരം കണ്ടുകെട്ടിയിട്ടില്ല. കേസിൽ അഞ്ച് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽ 2020 നവംബർ, ഡിസംബർ, 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്ന അനധികൃത ഈട്ടിമുറിക്കേസുകളിലും കുറ്റപത്രമായില്ല. ഒആർ 01/2021 മുതൽ 43/2021 വരെ കേസുകളിലാണ് കുറ്റപത്രം സമർപ്പിക്കാനുള്ളത്. കുറ്റപത്ര സമർപ്പണം അനിശ്ചിതമായി നീളുന്നതിനു കാരണം വനംവകുപ്പ് വ്യക്തമാക്കുന്നില്ല.
അനധികൃത മരംമുറിക്ക് വയനാട് കളക്ടറുടെ നിർദേശപ്രകാരം 2021 ജൂണ്‍ മൂന്നിന് വൈത്തിരി തഹസിൽദാർ നൽകിയ പരാതിയിൽ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത 281/2021 നന്പർ കേസിൽ 2023 ഡിസംബർ രണ്ടിന് ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിലെ വകുപ്പ് 3(1) അനുസരിച്ചുമായിരുന്നു കുറ്റപത്രം.
Kerala
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള സ്കറിയാ പള്ളിവാതുക്കലിന്റെ തോട്ടത്തിൽ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ജനവാസ മേഖലയിലേക്ക് നീങ്ങുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്.
തോട്ടം പാട്ടത്തിന് എടുത്തു ടാപ്പിംഗ് മഠത്തിൽ വിനു ജോസഫാണ് പുലിയുടെ ദൃശ്യം സിസിടിവിയിൽ കണ്ടത്. പുലി സാന്നിധ്യമുള്ള ഏരിയ ആയതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ തോട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ടാപ്പിംഗിനിറങ്ങുന്നത്.
ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. അടിയന്തരമായി പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
പത്തനംതിട്ട: റാന്നി വനം ഡിവിഷനില്‍ വടശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്നലെ രാവിലെ എട്ടോടെയാണ് കടുവ കൂട്ടിലായ വിവരം അറിഞ്ഞത്.
ഇന്നലെ രാവിലെ 6.30 ഓടെയാണ് ഏകദേശം 12 വയസുള്ള ആൺ കടുവ കുടുങ്ങിയതായി കണ്ടെത്തിയത്. വനാതിര്‍ത്തിയിൽ ഒരു മാസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണെന്നും ഇതിനെ തൃശൂർ മൃഗശാലയിലേക്ക് മാറ്റുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ആഴ്ചകളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു.
ഞായറാഴ്ച രാവിലെ 11.45 ഓടെ കുമ്പളത്താമൺ ജംഗിൾ ബുക്ക് ഫാമിലെ ആടിനെ കടുവ പിടിച്ചിരുന്നു. ആടിനെ തീറ്റുകയായിരുന്നു ഗുജറാത്ത് സ്വദേശിയായ ശിവയുടെ (23) തലയ്ക്ക് മുകളിലൂടെ ചാടിയെത്തിയ കടുവ ആടിനെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ശിവ പിന്നാലെ ഓടിയെങ്കിലും കടുവ കാട്ടിൽ മറഞ്ഞു. പിന്നാലെ വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ വനാതിർത്തിയോടു ചേർന്നുള്ള ഭാഗത്തുനിന്നും ആടിന്റെ ജഡം കിട്ടി.
നേരത്തേ കടുവ ഇതേ ഫാമിലെ പോത്തിനെ പിടിച്ചിരുന്നു. ഇതിനുപിന്നാലെ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയും ദൃശ്യങ്ങളും ലഭിച്ചു. തുടർന്നാണ് വനാതിർത്തിയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഇതിൽ കടുവ കൊന്ന പോത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ തീറ്റയായി നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഏറെ ദിവസങ്ങളിൽ കാത്തിരുന്നെങ്കിലും കടുവ കുടുങ്ങിയില്ല.
ഇതിനിടെ കഴിഞ്ഞയാഴ്ച കടുവ വീണ്ടുമെത്തി ഒരു വളർത്തു നായയെ പിടിച്ചു കൊണ്ടുപോയിരുന്നു. പട്ടാപ്പകലാണ് അന്നും കടുവ എത്തിയത്.
ഞായറാഴ്ച പകൽ കടുവയെത്തി ആടിനെ കൊന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ആടിനെ ഭാഗികമായി ഭക്ഷിച്ചശേഷം കടുവ പോയിരുന്നു. ആടിന്റെ അവശേഷിച്ച ജഡാവശിഷ്ടങ്ങൾ ഇരയായി കൂട്ടിൽ ഇട്ടു. ഇത് ഭക്ഷിക്കാൻ എത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. പിടിയിലായ കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനം.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈക്കടുത്ത് മിരാ ഭയന്തറിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്. പുലിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
പുലിയെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലുള്ള ലെപ്പേർഡ് റെസ്ക്യൂ സെന്ററിലേയ്ക്ക് മാറ്റും. തുടർന്ന് വൈദ്യ പരിശോധന നടത്തും. പിന്നീടായിരിക്കും പുലിയെ തുറന്ന് വിടണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
വെള്ളിയാഴ്ച രാവിലെ മിരാ ഭയന്തറിലെ ഫ്ലാറ്റിനുള്ളിലെത്തിയ പുലി അവിടത്തെ നിവാസികളെ ആക്രമിച്ചിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെൺകുട്ടി അടക്കമുള്ളവരാണ് പുള്ളിയുടെ ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാൽ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു.
പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്.
പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. പിന്നീട് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്.
Kerala
കൊച്ചി: പെറ്റ് ഷോയ്ക്ക് സ്കൂളിൽ ആനയെ കൊണ്ടുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സ്കൂളിൽ നിന്നും റിപ്പോർട്ട് തേടിയത്.
ബുധനാഴ്ച കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിലാണ് സംഭവം. പെറ്റ് ഷോയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു.
അതിനിടെയാണ് ഒരു കുട്ടി ആനയുമായി സ്കൂളിലെത്തിയത്. ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്.
അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്.
എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉടമകളാണെന്നും അധികൃതർ മറുപടി നൽകി. സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരനും മകൾക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കൽ വീട്ടിൽ ഹക്കീമും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ ഫാത്തിമയുമാണ് അപകടത്തിൽപെട്ടത്.
കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറിൽ ഇടിച്ചതിന് പിന്നാലെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം-കൊട്ടടി റോഡിലാണ് അപകടം നടന്നത്.
ട്യൂഷന് പോയ സഫ ഫാത്തിമയുമായി തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഹക്കീമിന്റെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.
Kerala
വയനാട്: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, 14, 15 വാർഡുകളിലെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാർഡുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടവും വനംവകുപ്പും ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
Kerala
ചാലക്കുടി: പിടിച്ചെടുത്ത വീടും സ്ഥലവും സുപ്രീംകോടതി ഉത്തരവുപ്രകാരം തിരിച്ചുനൽകേണ്ടിവന്നതിനു പിന്നാലെ, കൊന്നക്കുഴി പറോക്കാരൻ ജോൺസനെ പ്രതിയാക്കി എടുത്ത കേസിലും വനംവകുപ്പിനു തിരിച്ചടി.
അനധികൃതമായി റിസർവ് വനത്തിൽ പ്രവേശിച്ച് നായാട്ട് നടത്തിയെന്ന കുറ്റം ആരോപിച്ച് വനംവകുപ്പ് എടുത്ത കേസിൽ ജോൺസനെ വെറുതെ വിട്ടുകൊണ്ട് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.എസ്. സവിത ഉത്തരവായി.
2018ലാണ് ജോൺസനെതിരേ കൊന്നക്കുഴി ഫോറസ്റ്റ് അധികൃതർ കേസെടുത്തത്. ജോൺസനും ബന്ധുവും ചേർന്ന് തുമ്പൂർമൂഴി പുഴയിൽ വിഷാംശം അടങ്ങിയ വൃക്ഷക്കുരുക്കൾ അരച്ചുകലക്കി മീൻ പിടിച്ചെന്നും മീനുകൾക്കും മൃഗങ്ങൾക്കും അപായം സംഭവിച്ചെന്നുമായിരുന്നു കേസ്. പ്രതികൾക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നു കണ്ടാണ് കോടതി വെറുതെ വിട്ടത്.
സ്വന്തം വീടും സ്ഥലവും തിരിച്ചുപിടിക്കാൻ സുപ്രീംകോടതി വരെ ജോൺസൻ നടത്തിയ നിയമപോരാട്ടത്തിനു തടയിടുന്നതിനും ജോൺസനെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനുംവേണ്ടി വനംവകുപ്പ് കളവായി കുറ്റപത്രം സമർപ്പിച്ചതാണെന്നു പ്രതിഭാഗം വാദിച്ചു. പ്രതികൾക്കുവേണ്ടി അഡ്വ. തോമസ് വേഴപ്പറമ്പിൽ, അഡ്വ. ഗ്ലെൻ മേരി, അഡ്വ, ഷാന്റി ഗോപുരൻ എന്നിവർ ഹാജരായി.
32 വർഷം താമസിച്ച മണ്ണിൽനിന്ന് തന്നെയും കുടുംബത്തെയും തെരുവിലേക്ക് ഇറക്കിവിട്ട വനംവകുപ്പിന്റെ നടപടിക്കെതിരേ ആറുവർഷം സുപ്രീംകോടതിയിൽ വരെ നിയമപോരാട്ടം നടത്തിയാണ് ജോൺസൺസ്വന്തം വീടും സ്ഥലവും തിരിച്ചുപിടിച്ചത്.
Kerala
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് വനംവകുപ്പ് ജീവനക്കാരെ പേരെ കാണാനില്ല.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.
കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
Kerala
ചാലക്കുടി: ആറുവർഷംമുന്പ് ധാർഷ്ട്യത്തോടെ പാഠപുസ്തകങ്ങളും വീട്ടുസാധനങ്ങളും റോഡിലേക്കെറിഞ്ഞ് വീട്ടിൽനിന്ന് ഇറക്കിവിട്ട കുടുംബത്തെ സുപ്രീംകോടതിയുടെ അന്ത്യശാസനം ഭയന്ന് ധൃതിപ്പെട്ട് തിരികെ പ്രവേശിപ്പിച്ച് വനംവകുപ്പ്.
ആറുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽ ദയനീയമായി തോറ്റതോടെയാണു വനംവകുപ്പ് ഇളിഭ്യരായി വീടുംസ്ഥലവും രേഖകളും കുടുംബത്തിനു തിരികെനൽകിയത്.
ഭൂമികൈയേറ്റം ആരോപിച്ച് 2019 നവംബർ 22നാണ് ചാലക്കുടി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ സായുധരായ ഇരുപത്തഞ്ചോളം വനം-പോലീസ് ഉദ്യോഗസ്ഥർചേർന്ന് തുന്പൂർമുഴി പാറോക്കാരൻ ജോണ്‍സനെയും ഭാര്യ റൊബീന, മൂന്നു മക്കൾ, വൃദ്ധരായ മാതാപിതാക്കൾ എന്നിവരെയും സ്വന്തം കിടപ്പാടത്തിൽനിന്നു ബലമായി ഇറക്കിവിട്ടത്.
വീടും അതനൊപ്പം കച്ചവടം ചെയ്തിരുന്ന കടയും പൂട്ടി സീൽ ചെയ്ത് ഇറക്കിവിട്ട കുടുംബത്തെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആദരപൂർവം ചേർത്തുനിർത്തി വീടിന്റെ താക്കോൽ കൈമാറി. ജോണ്‍സന്റ 15 സെന്റ് സ്ഥലം അളന്നുതിട്ടപ്പെടുത്തി രേഖകൾ കൈയോടെ നൽകുകയും ചെയ്തു.
ഡിസംബർ രണ്ടിനകം ജോണ്‍സനു ഭൂമിയും വീടും തിരിച്ചുനൽകണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കി റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനം ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറിക്കുമെതിരേ കോടതിയലക്ഷ്യത്തിനു കേസെടുത്തു ജയിലിൽ അടയ്ക്കുമെന്ന, കഴിഞ്ഞ 25-ാം തീയതിയിലെ സുപ്രീംകോടതിയുടെ ഉഗ്രശാസനത്തിൽ ഭയന്നാണു വനം ഉദ്യോഗസ്ഥർ നിലപാട് മാറ്റിയത്.
ആദ്യം ഹൈക്കോടതിയിൽ കൊടുത്ത കേസുകളിൽ ജോണ്സനെതിരായാണു വിധി വന്നത്. പിന്നീട് റിട്ട. എസ്ഐ പ്രതാപൻ ജോണ്‍സന്റെ അവസ്ഥ സംസ്ഥാന മനുഷ്യാവകാശകേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സുപ്രിംകോടതി അഭിഭാഷകൻ അഡ്വ. ജോസ് ഏബ്രഹാമുമായി സംസാരിച്ച് കേസ് ഫയൽ ഏല്പിച്ചു. അദ്ദേഹം ഫയൽ ചെയ്ത കേസ് പരിഗണിച്ച സുപ്രീംകോടതി ഇതു വനഭൂമിയല്ലെന്നു കണ്ടെത്തി ഹൈക്കോടതിവിധി റദ്ദാക്കി, നാലാഴ്ചയ്ക്കകം ജോണ്‍സനു ഭൂമിയും സ്ഥലവും തിരിച്ചുനൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
സർക്കാർ പുനഃപരിശോധനാഹർജി നൽകിയെങ്കിലും അതും തള്ളിയ ജസ്റ്റീസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച്, ഡിസംബർ രണ്ടിനു വിധി നടപ്പാക്കി വിവരം അറിയിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനൽ നടപടിയെടുക്കുമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് വനം ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധി നടപ്പാക്കിയത്. ചാലക്കുടി ഡിഎഫ്ഒയും മറ്റ് ഉദ്യോഗസ്ഥരും ഉത്തരവ് നടപ്പിലാക്കി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സുപ്രീംകോടതിയിലെ അഭിഭാഷകനും അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ്സ് കൂടിയായ ജോസ് ഏബ്രഹാം ഇന്നലെ തുന്പൂർമുഴിയിലെ ജോണ്‍സന്റെ സ്ഥലം സന്ദർശിച്ചു. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്തിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ആറുവർഷത്തോളം സൗജന്യമായാണ് അഡ്വ. ജോസ് ഏബ്രഹാം കേസ് വാദിച്ചത്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി മരിച്ചു. അർജുൻ നിനാമ എന്നയാളുടെ മകളാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ട്രംബാക്പുർ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അമ്മയുടെ കൂടിയിരുന്നിരുന്ന കുട്ടിയെ വീട്ടിൽ കയറിയ പുലി കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ അമ്മ പുലിയെ ഓടിക്കാൻ നോക്കിയെങ്കിലും നടന്നില്ല. കുട്ടിയുമായി പുലി കുറച്ചുദൂരത്തേക്ക് പൊയി. കുറച്ച് നേരത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് വനംവകുപ്പ് ഏഴ് കൂടുകൾ സ്ഥാപിച്ചു.
Kerala
തൃശൂർ: മലക്കപ്പാറയിൽ വന വിഭവങ്ങൾ ശേഖരിച്ചിരുന്നയാളെ കാണാനില്ലെന്ന് പരാതി. മലക്കപ്പാറ പോത്തുപാറ ഉന്നതിയിലെ നന്ദനനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നന്ദനനെ കാണാതായത്.
ഇതേ തുടർന്ന് നന്ദനന്റെ ബന്ധുക്കൾ മലക്കപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വനം വകുപ്പും, പോലീസും, നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ നന്ദനനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
നന്ദനനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മലക്കപ്പാറ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Kerala
കൽപ്പറ്റ: വയനാട്ടില്‍ വന്യമൃഗവേട്ട സംഘം പിടിയിൽ. ആറംഗ സംഘമാണ് പിടിയിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് സംഘം പിടിയിലായത്.
കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), കാരക്കാട്ടില്‍ ഷിജോഷ് (42), നെല്ലിക്കുന്നേല്‍ രാജേഷ് (49), വെട്ടുവെളിയില് റെജി മാത്യു (54) അഴിക്കണ്ണില് ബിജേഷ് (49) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 45 കിലോ ഇറച്ചി, ഇന്നോവ കാര്‍, ജീപ്പ്, സ്കൂട്ടര്‍, തോക്ക്, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു.
സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ. രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു.
Kerala
തൃശൂർ: കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു.
വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. വയനാട്ടിൽ നിന്ന് എത്തിച്ച വിക്രമിനെയും ഭരതിനെയും അൽപം മുമ്പാണ് കുതിരാനിൽ എത്തിച്ചത്. രണ്ട് കുങ്കിയാനകളെയും വെള്ളാനി സബ്ഡിവിഷൻ ഓഫീസിനോട് ചേർന്നുള്ള വെള്ളാനി സെക്ഷൻ ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്.
ഈ സെക്ഷൻ ഓഫീസ് ഇപ്പോൾ കുങ്കിത്താവളം ആക്കി മാറ്റിയിരിക്കുകയാണ്. ഈ താവളത്തോട് ചേർന്ന പ്രദേശത്ത് ഇന്നലെയും ഈ കൊമ്പൻ ഉണ്ടായിരുന്നു എന്നതിനാൽ ഈ മേഖലയിൽ ആനയുടെ സാന്നിധ്യം കൂടുതലാണ്.
അപകടകാരിയായ ഒറ്റയാനെ കാടുയറ്റി സോളാർ സോളാർ വേലി സാധിക്കാനാണ് ശ്രമം. ആനയെ കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.
തുടർച്ചയായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരിക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. പുതിയ കുതിരാൻ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്തിതുടങ്ങിയത്.
District News
കോന്നി: പുലിയെത്തിയതായി സംശയിക്കുന്ന കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ആവോലിക്കുഴിയിൽ വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. ആവോലിക്കുഴി രാജേഷ്ഭവനം വിജയമ്മയുടെ വീടിനോടു ചേർന്ന ആട്ടിൻകൂടിന്റെ സമീപത്തെ മരത്തിലാണ് കൂട് സ്ഥാപിച്ചത്.
ആട്ടിൻ കൂടിന്റെ ഭാഗത്തേക്ക് പുലി എത്തുമെന്ന ധാരണയിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പുലിയുടെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞാൽ കെണിയൊരുക്കി പുലിയെ പിടികൂടുവാനാണ് വനപാലകർ ലക്ഷ്യമിടുന്നത്.
ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ നജിമുദീൻ, വി എസ് ഗോപകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. ഗോപകുമാർ, വനം വകുപ്പ് ഡ്രൈവർ ജെ.ആർ. രജനീഷ് എന്നിവർ ചേർന്നാണ് കാമറ സ്ഥാപിച്ചത്. ബുധനാഴ്ചയാണ് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്.
പ്ലാന്റേഷൻ റോഡിൽ മ്ലാവിന്റെ തല കണ്ടെത്തി
തണ്ണിത്തോട് പ്ലാന്റേഷൻ റോഡിൽ മ്ലാവിന്റെ തല കണ്ടെത്തി. പ്ലാന്റേഷൻ എ ഡിവിഷൻ റോഡിൽ രാവിലെയാണ് മ്ലാവിന്റെ തല തെരുവ് നായകൾ കടിച്ചു വലിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ തണ്ണിത്തോട് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇവർ എത്തി തല സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
മ്ലാവിന്റെ തല ശാസ്ത്രീയ പരിശോധനകൾക്കായി പത്തനംതിട്ട ജില്ലാ മൃഗാശുപത്രിയിലേക്ക് മാറ്റി. വനത്തിൽ നിന്ന് നായകൾ കടിച്ചു വലിച്ചു കൊണ്ടുവന്നതാകാമെന്നാണ് വനപാലകരുടെ നിഗമനം.
District News
കോതമംഗലം: എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമസേനയ്ക്ക് വാഹനങ്ങൾ കൈമാറി. വന്യമൃഗ ശല്യം രൂക്ഷമായ നേര്യമംഗലം ചെമ്പൻകുഴി, കുട്ടമ്പുഴ ഉരുളൻതണ്ണി പ്രദേശങ്ങളിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദ്രുത കർമ സേനകൾക്കാണ് വാഹനങ്ങൾ നൽകിയത്. 25 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ രണ്ട് മഹേന്ദ്ര ബൊലേറോ ക്യാമ്പർ വാഹനങ്ങളാണ് വാങ്ങിയിട്ടുള്ളത്. മന്ത്രി പി. രാജീവ് വാഹനങ്ങൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സാജു വർഗീസിന് കൈമാറി.
കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂളുകൾ, പാലിയേറ്റീവ് കെയറുകൾ, സാമൂഹിക ക്ഷേമ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മാത്രമാണ് എംഎൽഎ ഫണ്ടിൽനിന്നും വാഹനം അനുവദിക്കുവാൻ സാധിക്കുക. എന്നാൽ മണ്ഡലത്തിലെ വന്യ മൃഗ ശല്യം തടയുന്നതിനായി സർക്കാരിൽനിന്നും പ്രത്യേക അനുമതി വാങ്ങിയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും വാഹനങ്ങൾ വാങ്ങി നൽകിയത്.
വനംവകുപ്പിലെ മികച്ച സേവനത്തിന് 2024 - ലെ കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.ജി. സന്തോഷ്, 2025ലെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ എം ദിലീപ് കുമാർ എന്നിവരെ ആദരിച്ചു.
Kerala
ചാലക്കുടി: കാട്ടാന കബാലിയെ വാഹനം ഇടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വനം വകുപ്പ്.
റോഡിന് കുറുകെ നിന്ന ആനയെ പ്രകോപിപ്പിച്ചവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമാണ് കബാലിയുടെ അടുത്തെത്തിച്ച് പ്രകോപനം സൃഷ്ട്ടിക്കാൻ ശ്രമിച്ചത്.
ഹോൺ മുഴക്കിയും വാഹനം മുന്നോട്ടെടുത്തുമായിരുന്നു മദപ്പാടുള്ള കാട്ടാന കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുള്ളപ്പോൾ ആയിരുന്നു തമിഴ്നാട് സ്വദേശികളുടെ ഈ പ്രവർത്തി. ഇക്കാര്യങ്ങളും അന്വേഷിക്കാൻ നിർദേശം നൽകി.
തിങ്കളാഴ്ചയാണ് മദപ്പാടിലുള്ള ഒറ്റയാൻ കബാലി അന്തർ സംസ്ഥാന പാതയിൽ ആനക്കയത്ത് 15 മണിക്കൂറിലധികം നിലയുറപ്പിച്ചത്. ഇതേതുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ പൂർണമായും ഗതാഗതം നിലച്ചിരുന്നു.
ഇടയ്ക്ക് അല്പനേരം മാറിയെങ്കിലും വീണ്ടും ആന റോഡിന് നടുവിലേക്ക് വന്നതോടെ ഒരു രാത്രി മുഴുവൻ നിരവധി വാഹനങ്ങൾ ഉൾക്കാട്ടിൽ കുടുങ്ങി. നേരം പുലർന്ന ഏഴരയോടെ ആന റോഡിനോട് ചേർന്ന് ഇല്ലിക്കാട്ടിലേക്ക് കയറിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Kerala
കണ്ണൂർ: അയ്യൻകുന്നിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയിറങ്ങിയെന്ന സംശയത്തിൽ അയ്യൻകുന്നിലും പരിസര പ്രദേശങ്ങളിലും വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക തെരച്ചിലിൽ തെളിവുകളൊന്നും ലഭിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് സ്ഥാപിച്ച കാമറകൾ പരിശോധിച്ചതിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. തിങ്കളാഴ്ച വനം വകുപ്പും ആർആർടി ജീവനക്കാരും ചേർന്ന് നടത്തിയ പട്രോളിംഗിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയില്ല.
രണ്ട് ദിവസത്തെ തുടർച്ചയായ പട്രോളിംഗിലും കാമറ ട്രാപ്പ് പരിശോധനയിലും ഡ്രോൺ നിരീക്ഷണത്തിലും വന്യജീവി സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, വന്യജീവി കാട്ടിലേക്ക് തന്നെ തിരികെ പോയതായി കൊട്ടിയൂർ റേഞ്ച് ഓഫീസ് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്തെ പട്രോളിങ്ങും നിരീക്ഷണവും തുടരും.
Kerala
മലപ്പുറം: പെരിന്തൽമണ്ണ മണ്ണാർമലയിൽ നാട്ടുകാരെ ഭീതിയിലാക്കുന്ന പുലിയെ മയക്കുവെടിവയ്ക്കാൻ വനം വകുപ്പ് ഉത്തരവിട്ടു. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ സബ്മിഷനുള്ള മറുപടിയായി വനം മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
നാട്ടുകാർ സ്ഥാപിച്ച കാമറയിൽ 30 തവണ പുലിയുടെ ദ്യശ്യം പതിഞ്ഞിട്ടും വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പരാതി. ഏതുസമയത്തും ആളുകൾ അക്രമത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും എംഎൽഎ നിയമസഭയിൽ പറഞ്ഞു.
മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മണ്ണാർമലയിലെത്തി. നേരത്തെ സ്ഥാപിച്ച ഒരു കൂടിനു പുറമേ മറ്റൊരു കൂടു കൂടി വനംവകുപ്പ് സ്ഥാപിച്ചു. മൂന്നാമതൊരു കൂടു കൂടി ഉടൻ തന്നെ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പിന്നാലെ പുലിയെ നിരീക്ഷിക്കും.
രണ്ട് ദിവസം കാത്തിരുന്നിട്ടും പുലി കൂട്ടിൽ കയറുന്നില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടുന്നതിലേക്ക് കടക്കാനാണ് വനം വകുപ്പ് തീരുമാനം.
Kerala
തൃശൂർ : കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ. എ.മുഹമ്മദ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തും.
ഈ മാസം 21ന് രാവിലെ പത്തരയ്ക്ക് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചു. കൈയിലുള്ള തെളിവുകളും രേഖകളും നേരിട്ടെത്തി ഹാജരാക്കണമെന്നാണ് നിർദേശം.
കഴിഞ്ഞ മാസം 16ന് സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്. ഈ പരാതി പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.
Editorial
ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണം കേരളത്തിൽ സർക്കാർ വകുപ്പുകൾ ഏറ്റെടുക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തല്ലിക്കൊല്ലുന്നില്ലെങ്കിലും നിരപരാധികളെ സംശയത്തിന്റെ പേരിൽ ജയിലിലിട്ടു പീഡിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
വ്യാജ എൽഎസ്ഡി സ്റ്റാന്പ്, കൽക്കണ്ട എംഡിഎംഎ, മ്ലാവ് ഇറച്ചി, പേരൂർക്കട വ്യാജമോഷണം തുടങ്ങിയ കേസുകളിലെല്ലാം ഇരകൾ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. പക്ഷേ, ആ നിരപരാധികളുടെ ജയിൽവാസത്തിനും സഹിച്ച അപമാനത്തിനും ഉത്തരവാദികൾ ഇല്ല! അക്രമത്തിനുശേഷം ആൾക്കൂട്ടം പിരിഞ്ഞുപോകുന്നതുപോലെ ഉത്തരവാദികൾ രക്ഷപ്പെടുകയാണ്. സർക്കാരും കണ്ണടയ്ക്കുന്നതോടെ സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ നിരപരാധികളെ ജയിലിലടച്ചത്, വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടും കള്ളക്കേസെടുത്തും കർഷകഭൂമിയിൽ അവകാശമുന്നയിച്ചുമൊക്കെ സമാന്തരഭരണം നടത്തുന്ന വനംവകുപ്പാണ്. തൃശൂർ ചാലക്കുടി പേരാന്പ്ര സ്വദേശി ജോബി, മേച്ചിറ സ്വദേശി സുജേഷ് എന്നിവർക്കെതിരേയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേസെടുത്തത്.
ഡാൻസാഫ് (മയക്കുമരുന്നു വിരുദ്ധ പ്രത്യേക സേന) ജോബിയുടെ വീട്ടിൽ പരിശോധന നടത്തിയതാണ് തുടക്കം. മയക്കുമരുന്ന് കിട്ടിയില്ലെങ്കിലും ഫ്രിഡ്ജിലിരുന്ന ഇറച്ചി കിട്ടി. ഡാൻസാഫ് അത് വനംവകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് വീട്ടിലെത്തി ഇറച്ചി മ്ലാവിന്റേതാണെന്നു തീരുമാനിച്ചു കേസെടുക്കുകയും ചെയ്തു. ഇറച്ചി സുജേഷ് തന്നതാണെന്ന് ജോബി പറഞ്ഞെന്നു പറഞ്ഞ് സുജേഷിനെതിരേയും കേസെടുത്തു.
35 ദിവസത്തോളം ഇവർ റിമാൻഡിൽ ജയിലിലായിരുന്നു. തുടർന്ന് കോടതി ജാമ്യം കൊടുത്തു. വീണ്ടും ആറുമാസത്തിനുശേഷം മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്നു പരിശോധനാഫലം വന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസെടുത്തതെന്നാണു വനംവകുപ്പ് പറയുന്നത്.
യുവാക്കളെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അവരുടെ വക്കീൽ ആരോപിച്ചു. കുറ്റാരോപിതർ പറയുന്നതുപോലെ മർദിച്ചു പറയിപ്പിച്ചതാണെങ്കിൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരരുത്. ജയിലിൽ പോകാനുള്ള ആഗ്രഹംകൊണ്ട് വീട്ടിലിരുന്ന പോത്തിറച്ചി മ്ലാവിന്റേതാണെന്നു സമ്മതിച്ചതാണെങ്കിൽ ജോബിയുടെയും സുജേഷിന്റെയും മാനസികനില പരിശോധിക്കണം.
തങ്ങൾക്കു വീഴ്ച പറ്റിയിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടു കാര്യമില്ല. കോഴിക്കോട്ട് രണ്ടു യുവാക്കൾക്കെതിരേ ചുമത്തിയ വ്യാജ മയക്കുമരുന്നു കേസിൽ തങ്ങൾക്കു വീഴ്ചയില്ലെന്ന് പോലീസ് കണ്ടെത്തിയത് ഉദാഹരണം. കഴിഞ്ഞ നവംബറിലാണ് ഡാൻസാഫ് സംഘം കോഴിക്കോടുനിന്ന് ബിജു മാത്യു, മണികണ്ഠൻ എന്നീ യുവാക്കളെ എംഡിഎംഎ ആണെന്നു പറഞ്ഞു കൽക്കണ്ടവുമായി അറസ്റ്റ് ചെയ്തത്.
പിന്നീട് രാസപരിശോധനയിൽ അതു കൽക്കണ്ടമാണെന്നു തെളിയുകയും ഏപ്രിലിൽ യുവാക്കളെ കോടതി വെറുതെവിടുകയും ചെയ്തു. പക്ഷേ, 151 ദിവസം ജയിലിൽ കിടന്നു. മ്ലാവ് ഇറച്ചിക്കേസിൽ വനംവകുപ്പ് പറഞ്ഞതുപോലെ ഇവിടെയും പോലീസ് പറഞ്ഞത്, പ്രതികൾ കുറ്റം സമ്മതിച്ചെന്നാണ്.
വീട്ടിലേക്കു വാങ്ങിയ കൽക്കണ്ടമാണെന്ന് ആവർത്തിച്ചു പറഞ്ഞതാണെന്നു യുവാക്കളും പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പോലീസിനു വീഴ്ചയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കൽക്കണ്ടമാണെന്നു യുവാക്കൾ പറഞ്ഞില്ലത്രേ. അവർ മ്ലാവിറച്ചിയാണെന്നു സമ്മതിച്ചതുപോലെ, ഇവർ കൽക്കണ്ടം എംഡിഎംഎയാണെന്നും സമ്മതിച്ചു! ഉദ്യോഗസ്ഥരൊക്കെ ഇപ്പോഴും സർവീസിലുണ്ട്.
2023 ഫെബ്രുവരിയിലാണു ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. മരുമകളുടെ സഹോദരി ലിവിയ ജോസ് എൽഎസ്ഡി സ്റ്റാന്പ് ഷീലയുടെ ബാഗിൽ വച്ച് കുടുക്കുകയായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഈ കേസിൽ അറസ്റ്റുണ്ടായി. തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്ന് ഷീല ആരോപിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ലിവിയ അറസ്റ്റിലായി.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളംപോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയത്. ഒടുവിൽ പരാതിക്കാരിയുടെ, അതായത് യുവതി ജോലിക്കുനിന്ന, വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. എന്നിട്ടും ബിന്ദുവിനെതിരേ എടുത്ത എഫ്ഐആർ റദ്ദാക്കാതിരുന്നതും വിവാദമായി. രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു; അത്രതന്നെ. പാവങ്ങൾക്കും നിരപരാധികൾക്കും ഭീഷണിയായി ഇത്തരക്കാർ നാളെയും സർവീസിൽ ഉണ്ടായിരിക്കും എന്നതാണു ചരിത്രം.
ഇഡി റെയ്ഡുകളിൽ മാത്രമല്ല ഭരണകൂട ഭീകരത. സംസ്ഥാന വകുപ്പുകളുടെ ഇത്തരം ഉദ്യോഗസ്ഥക്കൂട്ട ആക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും ഭരണകൂട ഭീകരതയാണ്. സംശയമുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾക്കു മുന്‍പും ശേഷവും മേൽപ്പറഞ്ഞ ഇരകളുടെ വ്യക്തിജീവിതവും അവരുടെ കുടുംബങ്ങളിലെ അവസ്ഥയും എന്താണെന്ന് അന്വേഷിച്ചാൽ മതി.
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ചില അപരാധികൾ അട്ടിമറിക്കുന്നത് നീതിന്യായ സംവിധാനങ്ങളെങ്കിലും തിരിച്ചറിയണം. ‘അകത്താക്കുന്നവർ’ പുറത്തിങ്ങനെ വിലസരുത്.